friendship

പരിചയപ്പെട്ടിട്ട് കാലംകുറെയായില്ല എങ്കിലും full energetic and support,അശ്വിനി ടീച്ചർ👉🏻

ലോക്ക് ഡൗൺ ആയപ്പോൾ, തിരക്കുകൾ കൂടുകയാണ് ഉണ്ടായത് . അത് കൊണ്ട് വലിയ വിനോദ പ്രവർത്തികളിൽ ഒന്നും ഏർപ്പെടാനോ ചലഞ്ചുകൾ ഏറ്റെടുക്കാനോ സാധിച്ചിട്ടില്ല . 

വാട്‌സ്ആപ്പ് സ്റ്റാറ്റസ് ൽ എല്ലാവരും സുഹൃത്തുക്കളുടെ ഫോട്ടോ ഇട്ട് നിറക്കുന്നത് കണ്ടപ്പോൾ ആണ് സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമ്മകൾ പങ്കു വെക്കാൻ ഒരാഗ്രഹം ജനിക്കുന്നത് . അങ്ങിനെ ഒരു ദിവസം ഒന്നേ എന്ന കണക്കിൽ ഇന്നേക്ക് 14 ഡയറി പേജുകൾ ആയിട്ടുണ്ട് . ഒരു സാമ്പിൾ( Page no: 12)
ഇവിടെ പങ്കു വെക്കുന്നു .

 *Friends' diary;Page :12*
*************************

2010 ലെ ഒരു പ്ലസ് വൺ ക്ലാസ്സ്. പുതിയതായി വന്ന ഇംഗ്ലീഷ് ടീച്ചർ ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ ടെക്സ്റ്റ് തുറന്നു വെച്ച് സ്വപ്നം കാണുന്ന, നോട്ട്ബുക്ക് തുറന്നു വെച്ച് കോറി വരക്കുന്ന, പേജുകളിൽ beware of me എന്ന് കട്ട മഷിയിൽ എഴുതി നിറക്കുന്ന ഒരാൺകുട്ടി. ഈ ലോകത്തോട് മുഴുവനും ദേഷ്യം നിറച്ച കണ്ണുകൾ, എന്തിനോടൊക്കെയോ ഉള്ള വെറുപ്പും, മടുപ്പും പുരട്ടി വിളറിയ മുഖം. അധികം വൈകാതെ, 
നേരെ നോക്കാതെ തല താഴ്ത്തി, വലിഞ്ഞു മുറുകുന്ന ഞരമ്പുകൾ തൊണ്ടക്കുഴിയിലേക്ക് അമർത്തിയ വാക്കുകളൊക്കെയും മരിച്ചു തീർന്നപ്പോൾ മൗനം മാത്രം മറുപടിയായി തന്ന് അവൻ ക്ലാസിന് പുറത്ത് ചുമരും ചാരി നിന്നു.  

അറിവും അനുഭവജ്ഞാനവും കുറഞ്ഞ അധ്യാപികയ്ക്കന്ന് ചോദിക്കാൻ രണ്ടേ രണ്ട് ചോദ്യങ്ങൾ…. 

“നിനക്ക് ഞാൻ പറയുന്നത് മനസിലാവുന്നില്ലേ?”
“അതോ പഴയ മാഷ് പോയി ഞാൻ വന്നത് ഇഷ്ടപ്പെട്ടില്ലേ ?”

മൗനം മാത്രം വീണ്ടും വീണ്ടും ഉള്ള് തുളച്ചു കയറിയപ്പോഴാവണം യഥാർത്ഥ ചോദ്യം പുറത്തേക്ക് വന്നത്. 

“എന്താ നിന്റെ പ്രശ്നം?”

“എന്റെ പ്രശ്നങ്ങൾ ഞാൻ പെണ്ണുങ്ങളോട് പറയാറില്ല”
ഒറ്റ ഉത്തരം, ഒരു ഫുൾ സ്റ്റോപ്പ്. വീണ്ടും മൗനം.  

“ഞാൻ നിന്റെ ടീച്ചറല്ലേ?” ഒറ്റ ചോദ്യം കൂടി.
“ടീച്ചറെന്താ പെണ്ണല്ലേ?”

 ചോദ്യങ്ങളില്ലാത്ത ഒരിടവേള.  

ഒരു രാത്രി ടീച്ചേഴ്സ് ഹോസ്റ്റലിൽ പരീക്ഷ കഴിഞ്ഞു പേപ്പർ നോക്കിക്കൊണ്ടിരിക്കുകയാണ്. എന്തായിരിക്കും എഴുതിവെച്ചിട്ടുണ്ടാവുക എന്ന ആകാംക്ഷയോടെയാണ് ആ പേപ്പർ നോക്കി തുടങ്ങുന്നത്. കറുത്ത മഷികൊണ്ട് കുനു കുനു കുനാ എഴുതി നിറച്ചിരിക്കുന്നു. എല്ലാ ചോദ്യത്തിനും ഉത്തരമുണ്ട്. എല്ലാം നല്ല ഭാഷയിൽ വേണ്ടിടത്ത് വേണ്ട പോലെ. മനസിൽ കരഞ്ഞുകൊണ്ടാണ് ആ പേപ്പർ മടക്കി വെച്ചത്.

വീണ്ടും ക്ലാസ് മുറിയിൽ ടീച്ചർ മുന്നിൽ നിൽക്കുമ്പോൾ മിണ്ടാതെ, കണ്ട ഭാവം നടിക്കാതെ, ഇതൊന്നും തന്നെ ബാധിക്കുന്നതേ അല്ലെന്ന ഭാവത്തിൽ അവനിരുന്നു. 
 തൃപ്തിയോടെ, നിറഞ്ഞ ചിരിയോടെ ക്ലാസിലിരിക്കുന്ന എല്ലാ മുഖങ്ങളും മറന്നാലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മറ്റേതോ ലോകത്തിരുന്നു കൊഞ്ഞനം കുത്തുന്ന ആ മുഖം മാത്രം മനസിൽ തെളിയും.  
പലപ്പോഴും പല രീതിയിൽ ശ്രമിച്ചതിലൊക്കെ പരാജയപ്പെട്ടപ്പോഴും എന്റെയുള്ളിലെ ആ അധ്യാപിക അങ്ങിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. 

“Adolescence is the period of 
Stress and strain, storm and strife.”
എന്ന് സ്റ്റാൻലി ഹാൾ പറഞ്ഞത് ഷിഹാബ് സാറിന്റെ വായിൽ നിന്നും കേൾക്കുന്നത് പിന്നീടാണ്, കുട്ടികളുടെ മനശാസ്ത്രം അൽപ്പമെങ്കിലും പഠിക്കുന്നത് പിന്നീടാണ്; BEd ചെയ്യുന്നത് പിന്നീടാണ്. അത്കൊണ്ട് അറിയാവുന്ന വഴികളിലൂടെയൊക്കെ പ്രതീക്ഷയോടെ സഞ്ചരിച്ചുകൊണ്ടിരുന്നു. ദേഷ്യത്തോടെ നോക്കി, തല താഴ്ത്തി നിന്നു. വഴക്ക് പറഞ്ഞു, കേട്ട മട്ടില്ല. ഒരു കൈ വെള്ളയിൽ അടിച്ചപ്പോൾ മറ്റേ കൈ നീട്ടി അരിശം കൂട്ടി. തല പിടിച്ചു താഴ്ത്തി നടുപ്പുറത്ത് രണ്ടെണ്ണം കൊടുത്തു.  
വാശിക്കാരനെന്ന്, അഹങ്കാരിയെന്ന് , അനുസരണയില്ലാത്തവനെന്ന് അങ്ങിനെ പലതും വിളിച്ചു. എന്തൊക്കെ പറഞ്ഞിട്ടും ചെയ്തിട്ടും അടുത്തില്ല, ചിരിച്ചില്ല ഒന്ന് മുഖത്ത് നോക്കിയില്ല. 
       
            ഒരു ദിവസം റീഡിങ്ങ് റൂമിൽ വെച്ച് കുറച്ചധികം കളിയാക്കിപ്പറഞ്ഞു. കൂടെയുണ്ടായിരുന്ന കുട്ടികൾ ചിരിച്ചു. ഒന്ന് ഇടം കണ്ണിലൂടെ നോക്കിയപ്പോൾ മറ്റേതോ ലോകത്തെന്ന പോലെ അവനിരുന്നു. പക്ഷെ അന്ന് രാത്രി പുതിയൊരു ലോകമവനെനിക്ക് മുന്നിൽ തുറന്നു വെച്ചു. ഒരുപാട് നേരം ഫോണിൽ അവന്റെ ശബ്ദം കേട്ടു . പറഞ്ഞതൊക്കെ നെഞ്ചിൽ ചേർത്ത് വെച്ച് 'എന്റെ കുട്ടി' എന്ന് ഒരു ശ്വാസത്തിൽ അവനെ ചേർത്ത് പിടിച്ചു. സങ്കടം പുറത്തു കാണിക്കാതെ തന്നെ അന്ന് ചോദിച്ചു: “ഇപ്പോഴും ടീച്ചറ് പെണ്ണല്ലേ? ” ന്ന്. ഒന്നും മിണ്ടിയില്ലെങ്കിലും ആ കുസൃതി നിറഞ്ഞ ചിരി ഉള്ളാലറിഞ്ഞു. 

   വികൃതിയും, വില്ലത്തരവും, മുന്നും പിന്നും നോക്കാതെയുള്ള മറുപടിയും കാരണം പ്ലസ് ടു മുഴുവനാക്കാതെ അന്നാ പരീക്ഷ ഹാളിൽ നിന്നും കുട്ടി ഇറങ്ങി ഓടിയപ്പോൾ ഉള്ളു പിടഞ്ഞു പിറകെ ഓടിയിട്ട് പക്ഷേ കാര്യമുണ്ടായില്ല. “അവനെ വീട്ടിലിരുത്തരുത് , പഠിക്കുന്ന കുട്ടിയാണ്, കുറെ വിഷമങ്ങൾ ഉള്ളത്കൊണ്ടാണ് ഇങ്ങിനെയൊക്കെ” എന്ന് ആവുന്നതും പറഞ്ഞിരുന്നു, ഉത്തരവാദിത്തപ്പെട്ടവരോട്. കാര്യമുണ്ടായില്ല. “എന്റെ ഉമ്മ; എന്റെ ഉമ്മ” എന്ന് കണ്ണിൽ നിറയെ സ്നേഹത്തോടെ പറഞ്ഞിരുന്ന ഉമ്മയെ ഓഫിസിൽ കണ്ണ് നിറച്ചു നിൽക്കുന്ന അവസ്ഥയിൽ കാണേണ്ടി വന്നപ്പോൾ അന്ന് കുറെ വിഷമിച്ചിരുന്നുവെങ്കിലും, പിന്നീട് പഠിത്തം തുടരുന്നുണ്ടെന്നറിഞ്ഞപ്പോൾ, ഇപ്പൊ പിജി ക്കാരൻ ആയതറിഞ്ഞപ്പോൾ ഒക്കെ സന്തോഷം ആണ് ഉള്ളിൽ നിറയെ.  

എന്റെ കുട്ടിയാണ്.  
ടീച്ചറേ എന്ന വിളിയിൽ എന്റെ ആത്മാവിന്റെ ആഴങ്ങളിൽ ആദ്യമായി കണ്ണീരുകൊണ്ട് തൊട്ടവനാണ്.
എനിക്ക് നിന്നെ ഇഷ്ടമാണ് ചെക്കാ ന്ന് പറഞ്ഞപ്പോഴൊക്കെയും ന്നെ ആരും ഇഷ്ടപ്പെടണ്ട എന്ന് പലവട്ടം പറഞ്ഞവനാണ്.    
അതേയ് ഞങ്ങളെ 
കൊറേ തല്ലിയതല്ലേ, ടീച്ചർക്ക് ഇത് ആൺകുട്ടിയാവും എന്ന് എന്റെ വീർത്ത വയറു നോക്കി കളി പറഞ്ഞവനാണ്. 

പെൺകുഞ്ഞാവും ന്ന് അവസാനം വരെ പ്രതീക്ഷിച്ച ഞാൻ അല്ലു ജനിച്ച ശേഷം റൂമിലേക്ക് മാറ്റിയപ്പോൾ ആദ്യം വിളിച്ചു പറഞ്ഞത് അവനെയാണ്.

 പിറ്റേന്ന് തന്നെ വന്ന് അല്ലുവിനെ കണ്ടിട്ട് നോമ്പല്ലേ ടീച്ചറെ അതോണ്ട് ഫ്രൂട്ട്സ് ഒന്നും വാങ്ങീല ന്ന് പറഞ്ഞു ചിരിച്ച ചെക്കനാണ്.  

പതിവില്ലാതെ ഒരു രാത്രി ഏറെ വൈകും വരെ മിണ്ടുന്നതിനിടയിൽ, പണ്ട് എനിക്കേറ്റവും ഇഷ്ടപ്പെട്ട ടീച്ചറാരാ ന്ന് ഇങ്ങള് ചോദിച്ചപ്പോഴൊക്കെയും ഞാൻ കള്ളം പറയാർന്നു ടീച്ചറേ ന്ന് എനിക്കന്നേ അറിയാവുന്ന സത്യം ഉറക്കെ പറഞ്ഞവനാണ്. 

എനിക്കിപ്പോ നിന്നെ കാണാൻ തോന്നുന്നു ന്ന് പറഞ്ഞന്ന് മിണ്ടി നിർത്തുമ്പോൾ, ഇതാണ് ടീച്ചറെ “time well spent” ന്ന് പറഞ്ഞു ഉള്ള് നിറച്ചവനാണ്.  

ഇത് “time wel shared” അല്ലെ എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോൾ വാക്കില്ലാതെ പഴയ മൗനത്തെ കടം കൊണ്ടവനാണ്.  

ഇനിയും ഇനിയും പറഞ്ഞാൽ തീരില്ല, 

വാക്കുകൾ തീർന്ന് പോവും വിധം എന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന ഈ വാത്സല്യത്തിന്റെ പേരാണ് #മുഹമ്മദ്_ആഷിഖ് ; എന്റെ കുട്ടി.

*Aswani Sajeesh*

Comments

Popular posts from this blog

ramadan quates

افتاده دل

ഏഴ് കഥകളുടെ സമാഹാരം