വർഗ്ഗീയ വൈറസുകൾ വീണ്ടും തല പൊക്കുമ്പോൾ
പ്രിയം നിറഞ്ഞ അറബി അധ്യാപകൻ എഴുത്തുകാരൻ പരിഭാഷകൻ എന്നും സ്നേഹത്തോടെ കൂടെ നിൽക്കുന്ന മൻസൂർ സാർ 👇
വർഗ്ഗീയ വൈറസുകൾ വീണ്ടും തല പൊക്കുമ്പോൾ
****************
ഡോ.മൻസൂർ അമീൻ.കെ
അസി. പ്രഫസർ
എം.ഇ.എസ് മമ്പാട് കോളേജ്
ഭൂമിയുടെ സമഗ്രാധിപത്യം തൻ്റെ വിരൽതുമ്പിലാണെന്ന് മേനി നടിച്ച മനുഷ്യൻ്റ അഹന്തക്ക് കനത്ത പ്രഹരമേൽപിച്ച് കൊറോണയെന്ന ചെറുവൈറസ് ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. ഇന്ത്യയിൽ ആശങ്കയുണർത്തി മരണ സംഖ്യ ഉയർന്നു കൊണ്ടിരിക്കുന്നു. ശാസ്ത്ര ബോധമില്ലാത്ത ചില ജനപ്രതിനിധികളുടെയും സാമൂഹ്യ ബാധ്യതയില്ലാത്ത ചില സെലിബ്രിറ്റികളുടെയും വാചാടോപങ്ങൾക്ക് ചെവികൊടുക്കാതെ കൃത്യവും നിയന്ത്രിതവുമായ ജീവിത രീതിയിലൂടെയും സാമൂഹിക അകലത്തിലൂടെയും കൊറോണയെ നമുക്ക് പ്രതിരോധിക്കാം, എന്നാൽ സമൂഹ ഗാത്രത്തെ ബാധിച്ച വർഗ്ഗീയതയുടെയും ഫാസിസത്തിൻ്റെയും അദൃശ്യ വൈറസുകളെ നാമെങ്ങനെ തുരത്തും?
ഡൽഹി കലാപാനന്തരം വിശ്രമിക്കുകയായിരുന്ന ഇസ്ലാമോഫോബിക് വൈറസുകളെ നിസാമുദ്ദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദമാണ് വീണ്ടും സജീവമാക്കിയത്.
കേന്ദ്ര - സംസ്ഥാന ഗവൺമെൻ്റുകളുടെ നിരുത്തരവാദവും വീഴ്ച്ചകളും മറച്ചുവെക്കാൻ അവരും മറ്റേതിലുമെന്നപോലെ വർഗ്ഗീയ മുതലെടുപ്പിന് സംഘഫാസിസവും കൈകോർത്തതിൻ്റെ ഫലമായിരുന്നു നിസാമുദ്ദിനിലെ മതസമ്മേളനമാണ് ഇന്ത്യയിലെ കോവിഡിൻ്റെ പ്രസരണ കേന്ദ്രമെന്ന ആരോപണം.
റിപ്പബ്ലിക് ടീവിയും എ.എൻ.ഐയും ഇതിനെ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്തു. തബ്ലീഗ് സമ്മേളനത്തെ സൂപ്പർ സ്പ്രെഡർ എന്നാണ് ലീഡ് സ്റ്റോറിയിൽ അർനബ് ഗോസ്വാമി വിശേഷിപ്പിച്ചത്.
'തബ്ലീഗി വൈറസ്', 'കൊറോണ ജിഹാദ്' തുടങ്ങിയ പ്രയോഗങ്ങൾ വരെ എത്ര പെട്ടന്നായിരുന്നു മാധ്യമങ്ങൾ പടച്ചുവിട്ടത്.
ടൈം മാഗസിൻ കണക്കു പ്രകാരം 16.5 കോടി ട്വിറ്റർ ഉപഭോക്താക്കൾ 'കൊറോണ ജിഹാദ്' എന്ന ഏപ്രിൽ ആദ്യവാരം പുറത്തിറങ്ങിയ ഹാഷ് ടാഗ് കണ്ടിട്ടുണ്ട്.
മുൻ എം.പിയും നിസാമുദ്ദീൻ സ്വദേശിയുമായ ശാഹിദ് സിദ്ദീഖി ട്വിറ്ററിൽ ഇതിൻ്റെ നിജസ്തിഥി കുറിച്ചു: "ചില രാഷ്ടിയ - മാധ്യമ സംഘങ്ങളുടെ സഹായത്തോടെ കമ്യൂണൽ വൈറസ് ഇന്ത്യയിൽ പടരുകയാണ്. നമ്മുടെ രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി അതാണ്".
ഏത് കാര്യത്തിലും വർഗ്ഗീയ വിഭജന സാധ്യതകൾ തിരയുന്ന ചില കുത്സിത ബുദ്ധികളുടെ ഇടപെടലുകളാണ് അദ്ദേഹം സൂചിപ്പിച്ചത്.
"നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ തബ്‌ലീഗുകാര്‍ കോവിഡ് വാഹകരാണ്. അവര്‍ നേരെ ആശുപത്രികളില്‍ ചികില്‍സ തേടണം. ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്. അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല.’ എന്നാണ് ബി.ജെ.പി എം.എല്‍.എ രേണുകാചാര്യയുടെ പ്രകോപനപരമായ വാക്കുകൾ. അവര്‍ പരോക്ഷമായി ഭീകരപ്രവർത്തനമാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററിലൂടെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖവി തബ്ലീഗ് സമ്മേളനത്തെ വിശേഷിപ്പിച്ചത് 'താലിബാനി കുറ്റകൃത്യം' എന്നാണ്. ഇദ്ദേഹം തന്നെയാണ് ഇന്ത്യ മുസ്ലീങ്ങൾക്ക് സ്വർഗ്ഗമാണെന്ന് ഒ.ഐ.സിക്ക് മറുപടി നൽകിയത് എന്നതിൽ പരം വിരോധാഭാസം എന്തുണ്ട്?.
അഹമ്മദാബാദിലെ ആശുപത്രിയിൽ മതം തിരിച്ച് രോഗികളെ കിടത്തുന്നിടത്തേക്ക് വരെ കാര്യങ്ങളെത്തി.
രാജ്യത്തിൻ്റെ പലയിടങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി.
ഈ ഭീഷണസാഹചര്യത്തിലും യു.എ.പി.എ കരിനിയമത്തിൻ്റെ പേരിലുള്ള മുസ്ലിം വേട്ട തുടർന്നുകൊണ്ടിരിക്കുന്നു.
ഐ.ഐ.ടി യിലെ ബിരുദാനന്തര ബിരുദധാരി യും ജെ.എൻ.യുവിലെ ഗവേഷക വിദ്യാർഥിയുമായ ബിഹാറുകാരൻ ഷർജീൽ ഇമാമിനെതിരെയുള്ള യു.എ.പി.എ. അതിനുദാഹരണം. കഴിഞ്ഞ ജനുവരി ഇരുപത്തിയെട്ടിനാണ് സ്വദേശമായ ജഹനാബാദിൽനിന്ന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്.
അലിഗഡ് യൂണിവേഴ്സിറ്റി യിൽ വച്ച് നടന്ന പൗരത്വ നിയമത്തിനെതിരെയുള്ള സമരത്തിൽ '''സമാധാനപരമായി നിങ്ങൾ റോഡുകൾ ഉപരോധിക്കുക" എന്ന് പ്രസംഗിച്ചത് ഷഹീൻ ബാഗ് സമരത്തിന് ശക്തി പകർന്നുവെന്നതായിരുന്നു പോലീസ് ഭാഷ്യം.
കാശ്മീരിലെ ദുരിതക്കാഴ്ച്ചകൾ പൊതു ധാരയിലേക്കെത്തിച്ച ഫ്രീലാൻസ് ഫോട്ടോഗ്രാഫർ മസ്റത്ത് സഹ്റ മറ്റൊരു ഇര.
ഉമർ ഖാലിദ്, മീരാൻ ഹൈദർ, സഫൂറ സർഗാർ തുടങ്ങിയവരെ ദൽഹി കലാപത്തിന് കാരണമായ പ്രസംഗങ്ങൾ നടത്തി എന്നാരോപിച്ചാണ് യു.എ.പി.എ ചുമത്തിയത്.
ഇതിൻ്റെ കൂടെ ചേർത്ത് വായിക്കേണ്ട മറ്റൊരു നീതി നിഷേധത്തിനു കൂടി ഈ കോവിഡ് കാലം സാക്ഷിയായി.
ലക്നൗ ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന്റെ പരോള്‍ യുപി സര്‍ക്കാര്‍ റദ്ദാക്കിയെന്ന ഭാര്യ ഡോ.ഷാബിസ്ത ഖാൻ്റെ പരാതിയായിരുന്നു അത്. മാര്‍ച്ച് 23ലെ സുപ്രിം കോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 29ന് പുറത്തിറങ്ങേണ്ടവരുടെ പട്ടികയില്‍ കഫീല്‍ ഖാന്റെ പേരും ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ അത് റദ്ദാക്കുകയായിരുന്നുവെന്നും ഷാബിസ്ത പറഞ്ഞു. വിദ്വേഷ പ്രസംഗം നടത്തി എന്ന് ആരോപിച്ച് എന്‍.എസ്.എ ചുമത്തിയാണ് ഡോ. കഫീല്‍ ഖാനെ ജയിലില്‍ തടവിലാക്കിയിരിക്കുന്നത്.
കോവിഡ് 19 പടര്‍ന്ന് പിടിക്കുന്നതിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജയിലില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷയുള്ള കുറച്ച് കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് സുപ്രിം കോടതി ഉത്തരവ് വന്നിരുന്നു. എന്നാല്‍, പരോള്‍ ലഭിച്ചവരുടെ പട്ടികയില്‍ കഫീല്‍ ഖാന്റെ പേരുണ്ടായിട്ടും എന്തുകൊണ്ട് പരോള്‍ ലഭിച്ചില്ല എന്നതാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം.
ഭൂഖണ്ഡങ്ങൾ താണ്ടി ഭയം വിതറി കോവിഡ്
വ്യാപിക്കുമ്പോളും വെറുപ്പിൻ്റെ വൈറസ് പിൻവാങ്ങുന്നില്ല എന്നത് വേദനാജനകമാണ്.
Comments
Post a Comment