നൂറ്റാണ്ടുകൾ പിന്നിട്ട ശേഷവുംമാധുര്യം വിതറുന്ന ഹെവി ട്രിപ്പുകൾ ❤️
പ്രിയ linguistic, കൂട്ടുകാരൻ, എഴുത്തുകാരൻ, ക്ലാസ്മേറ്റ്, ബിലാൽ👉🏻
നൂറ്റാണ്ടുകൾ പിന്നിട്ട ശേഷവും
മാധുര്യം വിതറുന്ന ഹെവി ട്രിപ്പുകൾ ❤️
യാത്രാ പ്രേമികളുടെ സോഷ്യൽ മീഡിയാ ഗ്രൂപ്പാണ് സഞ്ചാരി. പലരും തങ്ങൾ നടത്തിയ അതിസാഹസികവും ദൈർഘ്യം ഏറിയതുമായ യാത്രകളെ കുറിച്ച് എഴുതുന്നത് വായിക്കാറുണ്ട്. ചിലർ കേവലം 400 രൂപക്ക് ഇന്ത്യ മുഴുവൻ കറങ്ങി വരുന്നു, ചിലർ ചരക്ക് ലോറികളിൽ ലിഫ്റ്റ് ചോദിച്ച് രാജ്യം ചുറ്റി കറങ്ങുന്നു, മറ്റു ചിലർ കേരളത്തിൽ നിന്ന് തുടങ്ങി കശ്മീർ വരെ പർവതങ്ങളും മഞ്ഞുമലകളും തനിയെ ഒരു സൈക്കിളിൽ താണ്ടി പിടിച്ച് വാർത്തകളിൽ ഇടം പിടിക്കുന്നു. ഇങ്ങനെ അതിശയം ഉണർത്തുന്ന ഒട്ടനവധി യാത്രാ വിവരണങ്ങൾ ദിനേന ശ്രദ്ധയിൽപെടാറുണ്ട്. മിക്ക വിവരണങ്ങൾക്കും വായനക്കാരിൽ നിന്ന് മികച്ച പ്രതികരണങ്ങളും ലഭിക്കാറുണ്ട്. ഇന്ത്യ കാണുക, വൈബ് ഉണ്ടാക്കുക, ഏകാന്തതയെ മറികടക്കുക, മുഖ്യധാരയിലുള്ള Solo ട്രിപ്പിംങ്ങിന്റെ ഭാഗമാവുക ഇങ്ങനെ തുടങ്ങി മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇവരുടെ യാത്രകളുടെ ലക്ഷ്യം പലതാണ്.
ഇതിൽ നിന്ന് അപവാദമായി സമൂഹത്തിന് പ്രയോജനകരമാകും വിധം കാലാതീതമായി നിൽനിൽക്കുന്ന വൈജ്ഞാനിക ഗവേഷണങ്ങൾക്കായി നാട് വിട്ടിറങ്ങിയ ചില യാത്രക്കാരുണ്ട്. സങ്കൽപ്പങ്ങൾക്കപ്പുറമുള്ള സാഹസികതകളായിരുന്നു അവരുടെ യാത്രയിൽ ഉടനീളം. വിജ്ഞാനം തേടിയുള്ള യാത്ര പുറപ്പെടാൻ പണം തികയാതെ വന്നപ്പോൾ സ്വന്തം വീടിന്റെ മേൽക്കുരയിൽ താങ്ങായി വെച്ച മരങ്ങൾ എടുത്ത് വിറ്റാണ് ഇമാം മാലിക്(റ) പണം കണ്ടെത്തിയത്. ഇൽമിനായുള്ള യാത്രയിൽ എല്ലാ വിറ്റ് തീർന്ന ശേഷം അവശേഷിച്ച സ്വന്തം ചെരുപ്പുകൾക്ക് കൂടിയുള്ള വില കൈപ്പറ്റി യാത്ര തുടർന്ന പണ്ഡിതനാണ് ഇമാം ഇബ്നു മുബാറക്.
ഹൃസ്വമായതും ദൈർഘ്യത ഏറിയതുമായ യാത്രകൾ നടത്തിയവർ അവരിലുണ്ട്. പ്രമുഖ സ്വഹാബിയായിരുന്ന ജാബിർ ബിൻ അബ്ദുള്ള(റ) ഒരു ഹദീസ് ലഭിക്കാൻ മക്കയിൽ നിന്ന് ഈജിപ്തിലേക്ക് ഒരു മാസം നീണ്ട യാത്ര ചെയ്തിരുന്നു. താബിഈങ്ങളുടെ പിൻമുറക്കാരിൽ പെട്ട ഇമാം ശുഅബ്ബത്ത് ബ്നു ഹജജാജ്(റ) ഒരു ഹദീസിന്റെ സനദ് കണ്ടെത്താൻ കൂഫയിൽ നിന്ന് മക്കയിലേക്കും അവിടെ നിന്ന് മദീനയിലെക്കും ശേഷം ബസ്വറയിലേക്കും ദിവസങ്ങളോളം യാത്ര ചെയ്തിരുന്നു. ഇമാം അഹ്മദ് അദ്ദേഹത്തിന്റെ മുസ്നദ് രചിക്കുന്നതിന് മുമ്പ് രണ്ട് തവണ മുഴുവൻ രാജ്യങ്ങളിലൂടെയും സഞ്ചരിച്ചിരുന്നു എന്ന് ഇമാം ഇബ്നുൽ ജൗസി(റ) തന്റെ 'صيد الخاطر' ൽ രേഖപെടുത്തിയിട്ടുണ്ട്. ഹിജ്റ 463 വഫാത്തായ ഇമാം ഖത്വീബുൽ ബഗ്ദാദിക്ക് ഹദീസ് ശേഖരണം മാത്രം ലക്ഷ്യം വെച്ച് പൂർവീകരായ ഇമാമുമാർ നടത്തിയ യാത്രകളെ പ്രതിപാദിച്ച് കൊണ്ട് الرحلة في طلب الحديث എന്ന പേരിൽ ഒരു ഗ്രന്ഥം തന്നെയുണ്ട്.
ഇരുപതാമത്തെ വയസ്സിൽ നൈസാബൂരിലേക്ക് യാത്ര തിരിച്ച ഇമാം ഇബ്നു മൻദഹ് (ഹി: 395) പിന്നീട് സ്വന്തം ദേശത്തേക്ക് തിരിച്ചു വരുന്നത് അറുപത്തി അഞ്ചാമത്തെ വയസ്സിലാണ്. മടങ്ങി വരുമ്പോൾ 45 വർഷത്തിനുള്ളിൽ അദ്ദേഹം രചിച്ച അമൂല്യ ഗ്രന്ഥങ്ങൾ നാൽപതോളം ഒട്ടകപ്പുറത്ത് കയറ്റിയാണ് നാട്ടിലെക്ക് എത്തിച്ചത്. ഞാൻ കിഴക്കും പടിഞ്ഞാറും ഇതിനകം രണ്ട് തവണ വലയം ചെയ്തിട്ടുണ്ടെന്ന് ഇബ്നു മൻദഹ് പറഞ്ഞതായി ഇമാം ഇബ്നു അബീ ഹാത്വിം(റ) الجرح والتعديل ന്റെ മുഖദ്ദിമയിൽ രേഖപെടുത്തിയിട്ടുണ്ട്. ഇതിനെയല്ലാം കവച്ച് വെക്കുന്ന യാത്രകളായിരുന്നു ഇമാം ബുഖാരി(റ) യുടെത്.
പതിനെഴാമത്തെ വയസ്സിലാണ് ഇമാം ബുഖാരി ഹദീസിനായുള്ള തന്റെ പ്രഥമ യാത്ര ബുഖാറയിൽ നിന്ന് ആരംഭിക്കുന്നത്. അവിടെ നിന്ന് ബലഖിലേക്ക്, ശേഷം മറജിലേക്ക്, ശേഷം നെസാബൂരിലേക്ക്, ശേഷം റയ്യിലേക്ക്, അവിടെ നിന്ന് ബഗ്ദാദിന്റെയും ഇറാനിന്റെയും അതിർത്തിയായ വാസിത്വിലേക്ക്, ശേഷം ബസ്വറയിലേക്ക്, പിന്നെ നേരെ കൂഫയിലേക്ക്, തുടർന്ന് ബഗ്ദാദിലേക്ക്, ശേഷം മദീനയിലേക്ക് അവിടെ നിന്ന് മക്കത്തേക്ക്, ശേഷം സുഡാനിന്റെയും ഈജിപ്തിന്റെയും ഇടയിലുള്ള അയിദബിലേക്ക്, അവിടെ നിന്ന് ഫുസ്താത്വിലേക്ക്, ശേഷം ഫലസ്തീനിലെ അസ്ഖലാനിലേക്ക്, അവിടെ നിന്ന് ഖൈസാരിയയിലേക്ക്, ശേഷം സിറയയിലെ ദമസ്കസിലേക്ക്, പിന്നീട് വീണ്ടും ബഗ്ദാദിലേക്ക്. ശേഷം സ്വന്തം നാടായ ബുഖാറയിലേക്ക്. നബി(സ) യുടെ ഹദീസുകൾ തേടി ഇമാം ബുഖാരി അലഞ്ഞത് നീണ്ട 13900 കിലോമീറ്റർ. ആ വലിയ ഹെവി ട്രിപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ ഇമാം ബുഖാരിയുടെ ഹൃദയത്തിൽ പരമ്പര സഹിതം ഒരുലക്ഷം സ്വഹീഹായ ഹദീസുകളും രണ്ട് ലക്ഷത്തിലധികം സ്ഥിരപ്പെടാത്ത ഹദീസുകളും ഇടം പിടിച്ചിരുന്നു (ഫത്ഹുൽ ബാരി: 488). കാലങ്ങൾക്കിപ്പുറവും ഇമാം ബുഖാരിയുടെ ആ വലിയ ട്രിപ്പിന്റെ Output ന് ലോകം ശറഹ് എഴുതുകയാണ്.
ബിലാൽ ഇബ്നു അബ്ദുളള
Comments
Post a Comment