സ്വപ്നാടകന്റെ കുറിപ്പുകള്‍

Eflu വില് നിന്ന് ലഭിച്ച മോട്ടിവേറ്റർ, വായനക്കാര, എഴുത്തുകാരൻ, ട്രാവലർ അതിലുപരി പ്രിയം നിറഞ്ഞ കൂട്ടുകാരൻ ശബാബ് കാരുണ്യം👉🏻read more
We believe only words...!

സ്വപ്നാടകന്റെ കുറിപ്പുകള്‍ (സ്വപ്നങ്ങള്‍ തുടരുന്നു...)

ഏത് സദസ്സിനാണെന്ന് കൃത്യമായി ഓര്‍മയില്ല. പക്ഷെ ഞാനും കണ്ണേട്ടനും ഒരുമിച്ച് എവിടെയോ ക്ലാസ്സെടുക്കുകയാണ്. ചിന്തകളും ദര്‍ശനങ്ങളുമൊക്കെയാണ് വിഷയം. 
സംസാരത്തില്‍ ഇസ്ലാമും സൂഫിസവും ഭാരതീയ ദര്‍ശനവും ജിദ്ദു കൃഷ്ണമൂര്‍ത്തിയുമൊക്കെ കടന്നു വന്നു കൊണ്ടിരിക്കുകയാണ്.

ഇടയ്ക്ക് കണ്ണേട്ടന്‍ പറഞ്ഞ വാചകം എവിടെയോ ഉള്ളില്‍ ചെന്ന് കൊണ്ടു.
 *We believe only the words...!* 
അതെ, നമ്മള്‍ വാക്കുകളെ മാത്രമാണ് വിശ്വസിക്കുന്നത്. അപ്പോള്‍ വാക്കുകള്‍ക്കുമപ്പുറത്തുള്ള അനുഭവങ്ങള്‍...?.ചിന്തകള്‍...?

ശരിയല്ലേ...തിരക്ക് പിടിച്ച മനുഷ്യന്‍ അറിയാതെ പിന്‍ പറ്റുന്ന ധര്‍മ്മവും ആദര്‍ശവും ചില ശബ്ദങ്ങളും രൂപങ്ങളും മാത്രമല്ലേ...
നമ്മളിലെത്ര പേര്‍ അതിലുള്ളൊരു ആത്മീയ പ്രഭാവത്തെ അനുഭവിച്ചറിയാന്‍ സന്നദ്ധമായിട്ടുണ്ട്? 
അതത്ര എളുപ്പമൊന്നുമല്ല. അവനവനോട് ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ലെന്ന് തന്നെ വരാം...അല്ലെങ്കില്‍ ലഭിക്കുന്ന ഉത്തരങ്ങള്‍ അപൂര്‍ണമായും...പക്ഷെ ഒന്ന് കണ്ണടച്ചിരുന്ന് നോക്കിയിട്ടുണ്ടോ? മൗനത്തില്‍ തന്നിലേക്കൊരു വഴി തുറക്കുന്നതായി അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? 
 
നിന്റെയുള്ളില്‍ നിറഞ്ഞ് നില്‍ക്കുന്ന ദൈവത്തെയോ 'നിന്റെ പിടലിഞരമ്പിനേക്കാള്‍ അടുത്തുള്ള' ദൈവത്തെയോ തൂണിലും തുരുമ്പിലും സര്‍വ ചരാചരത്തിലും കുടി കൊള്ളുന്ന ദൈവത്തെ എങ്ങനെയാണ് നാമറിഞ്ഞിട്ടുള്ളത്? കേവലം നാം കേള്‍ക്കുകയോ ഉരുവിടുകയോ ചെയ്യുന്ന ചില വാക്കുകളിലൂടെ...? മുന്നില്‍ കാണുന്ന ചില രൂപങ്ങളിലൂടെ...?

എന്നാല്‍ ഇതിനപ്പുറം തന്റെ ഹൃദയത്തെ തൊട്ടു നില്‍ക്കുന്ന ആ അദൃശ്യ പ്രഭാവത്തെ അനുഭവിച്ചറിയുമ്പോള്‍ കാറ്റില്‍ തെന്നി നീങ്ങുന്ന അപ്പൂപ്പന്‍ താടി പോലെ 'ഞാന്‍' എന്ന സങ്കല്‍പത്തിന് ഭാരമില്ലാതാവുക? മുഖത്ത് പുഞ്ചിരിയും കണ്ണീരും വീണ് ആനന്ദത്തെ പുല്‍കുക...അങ്ങനെ അല്‍പം നനവുള്ള അത്തരം പ്രാര്‍ത്ഥനകളുരുവിടുമ്പോഴല്ലേ നാം പൂര്‍ണമായ സാധനയില്‍ ഇഴുകിച്ചേരുന്നത്?
         മനുഷ്യനോട് സംസാരിക്കുമ്പോഴോ? പെട്ടെന്നുണ്ടാകുന്ന ബാഹ്യതലമായ ഇടപെടലുകള്‍ക്കപ്പുറം ക്ഷമയോടെ കേട്ടിരിക്കാന്‍ മനസ്സുണ്ടാവുകയും ഹൃദയത്തോട് സംവാദിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതല്ലേ സുന്ദരമായ ഭാഷ..?

വാക്കാണ് ഏറ്റവും വലിയ സത്യമെന്ന് സിനിമയിലെ പ്രത്യേക സന്ദര്‍ഭത്തിനുചിതമാകുമായിരിക്കാം. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത അനുഭവങ്ങളും ചിന്തകളും ചിലപ്പോള്‍ വലിയ സത്യമാണ്...!

'' വാക്കുകള്‍ക്കപ്പുറം നിശബ്ദമായ മറ്റൊരു ലോകത്തെയനുഭവിച്ചിട്ടുണ്ടോ?
ഞാന്‍ നിന്നെയറിഞ്ഞിട്ടുണ്ടോ?
നീയെന്നെ...?
അനോന്യം കലപില കൂട്ടിയ ശബ്ദങ്ങള്‍ക്കിടയില്‍ മുറിഞ്ഞു പോവാതെ പെയ്തു പോവുന്ന മൗനത്തിന്റെ സംഗീത ധാരകള്‍...
തെല്ലൊന്ന് ചെവിയോര്‍ക്ക്
അതിപ്പോഴും പെയ്യുന്നുണ്ട്...!''

*******
ഈ കൊറോണക്കാലത്തും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും പഴി കേള്‍ക്കപ്‌പെടുകയും ചെയ്യുന്നത് മതം തന്നെയാണ്. പക്ഷെ മതത്തിന് കൂടെ തന്നെ ഉറച്ച് നില്‍ക്കുന്നു. മതം ഒഴുകിക്കൊണ്ടിരിക്കുന്ന നദിയാണ്. അതിന്റെ നിര്‍മലമായ ഒഴുക്കിന്റെ പ്രഭാവത്തില്‍ പരുക്കന്‍ കല്ലുകള്‍ പോലും മിനുസപ്പെട്ട് പോവുന്നു. ആ വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നതിനു പകരം ചിലര്‍ അവനവനിഷ്ടമുള്ള ചെറിയ തൊട്ടിയില്‍ വെള്ളം നിറച്ച് അതിനെ മതമെന്ന് ഉദ്ഘോഷിച്ച് അത് മുക്കിയൊഴിച്ച് കുളിക്കുന്നു. അങ്ങനെ മലിനമായ വെള്ളം ശേഖരിച്ച് വീണ്ടും വീണ്ടും അതില്‍ കുളിച്ചു കൊണ്ടിരിക്കുന്നു. ചിലര്‍ ഒഴുക്കിനെ തടഞ്ഞ് ബണ്ട് കെട്ടി നിര്‍ത്തുകയാണ്. അതും മതമല്ല. മനുഷ്യന്റെ സ്വാഭാവികതകള്‍ക്ക് ഭംഗം വരുത്തുന്ന ഒന്നും മതമല്ല. മതം സഹചര സ്നേഹമാവണം.
#Inspire_each_other

✍🏽ശബാബ് കാരുണ്യം

Comments

Popular posts from this blog

ramadan quates

افتاده دل

ഏഴ് കഥകളുടെ സമാഹാരം